Sunday, August 17, 2008

മൈഥിലിയുടെ സാന്ത്വനങ്ങള്‍



വര : റജുല

അമീബയുടെ പൊക്കിള്‍കൊടിയെക്കുറിച്ചുള്ള ചില വിചിത്രചിന്തകളുമായാണ് മൈഥിലി ഉറക്കമുണര്‍ന്നത് !
ബയോളജി ലാബില്‍ നിന്നാണ് അത്തരമൊരു ചിന്ത മൈഥിലിയില്‍ ആദ്യമായ് ചേക്കേറിയത് .

അമീബയുടെയും ആമ്ഫിബിയയുടെയും ഇടത്താവളത്തിലൊരിതത് താന്‍
എത്തേണ്ടതുള്ള, ഒരു ആന്തരിക പരിണിതിയുടെ മുഖച്ചട്ടകള്‍ പറിക്കാന്‍ മിനക്കെടുന്നതിനും മുമ്പെ ,
ആമ്ഫിബിയയുടെ കപ്പല്‍ഛേദങ്ങളിലെയ്ക്ക് മൈഥിലി എടുത്തെറിയപ്പെട്ടിരുന്നു .

തന്റെ കയ്യൊപ്പ് പതിഞ്ഞ ഒരുതാളില്‍ ഗോഥിക് ചിത്രങ്ങളുടെ പകര്‍പ്പെടുക്കുന്ന ലളിതയുടെ ഓരം പറ്റി മൈഥിലി
അങ്ങനെ എത്രനേരമിരുന്നെന്ന് ,മൈഥിലി ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടാവണം...

വാക്കുകളുടെയും അക്കങ്ങളുടെയും ഗോഥിക്സ്രിന്കലകളില്‍ കാന്തത്തിന്റെ ബാഷ്പീകരണ തത്വങ്ങള്‍
അടങ്ങിയിരിക്കുന്നുവെന്ന അറിവ് നാമ്പെടുത്തതും , ലളിതയുടെ ശരീരത്തിലെവിടെയോ ഉരസിയപ്പോഴാ യിരിക്കണം.
ഒരു കുസൃതിചിരിയില്‍ ആ ഭാവം ലളിത പ്രകടിപ്പിച്ചിരുന്നു.

ലളിതയുടെ ദിനക്കുറിപ്പില്‍ ഇളം നീലമഷിയില്‍ കുറിച്ച് വെച്ച വാക്കുകളുടെ ചൂഴ്നിലങ്ങള്‍ ഇപ്പോള്‍ മൈഥിലിയില്‍ ഇറങ്ങി വന്നിരിയ്ക്കണം..!!!
'Is every woman a new land, whose secrets you want to discover'
തന്റെ പൂര്‍വ്വികരുടെ നിജസ്ഥിതിയിലേയ്ക്കു ലളിതയും ഒത്തിരി നടന്നിരുന്നു എന്ന അറിവും താണ്ടിയാണ് , ക്ഷണമില്ലാതെ
തന്റേടത്തോടെ ലളിതയുടെ അനക്സില്‍ മൈഥിലി കയറിചെല്ലുന്നത് .അപ്പോള്‍ ലളിത ആശ്ചര്യപ്പെട്ടിരിക്കണം ,
പലവുരു ക്ഷണിച്ചിട്ടും വരാതെ ഒഴിഞ്ഞുമാറിയ മൈഥിലി ഇപ്പോള്‍ വന്നതിന്റെ ഔചിത്യത്തെക്കുറിച്ച് ഒട്ടൊരു വീറോടെ മൈഥിലി യോട് പരാതിപ്പെടവേ , ലളിതയെ കെട്ടിപ്പിടിച്ചൊരുമ്മ നല്കികൊണ്ട് മൈഥിലി പറഞ്ഞു :
' താന്‍ എന്‍റെ ആസ്തികളില്‍ പെട്ടതാ മോളേ ,പരസ്പരം സമൃദ്ധമായ ഒരു നോട്ടത്തില്‍ അങ്ങനെ എത്ര നേരമിരുന്നെന്ന് മൈഥിലി ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാവണം

അമീബയുടെ ഘടനയില്‍ ഇതൊരു പ്രകാശത്തിന്റെ ചെറുതിരിയായ് നില്‍ക്കട്ടെ ... അല്ലെ മൈഥിലി ...
മൈഥിലി സ്വയം പറഞ്ഞു .
മുത്തശ്ശിയ്ക്ക് കുളിയ്ക്കാന്‍ വെള്ളം ചൂടാക്കുകയായിരുന്നു മൈഥിലി അപ്പോള്‍
ദേഹവളയലുകളും നട്ടെല്ലിന്റെ കശേരുക്കളും ആമ്ഫിബിയയുടെ പഠനത്തിലെയ്ക്ക് വെളിച്ചം വീശുന്നവയാണ് .
ഇപ്പോള്‍ ഉറക്കച്ചടവില്‍ ബോധത്തിനും കേവേലതയ്ക്കുമപ്പുറം ലളിതയുടെ സ്കെച്ചുകളില്‍ അമീബയുടെ ഗോഥിക് രാശികള്‍ പിറവി കാത്തു നില്‍പ്പുണ്ടാവണം..!
മൈഥിലി ... നീയെന്റെ ആരാണ് മോളെ... പരിണാമത്തിന്റെ ഏടുകളില്‍ സമയസ്ഥലികളുടെ ഇനിയും പച്ച കുത്താത്ത വഴികളില്‍ എന്തേ ... നീ നിന്റെ ആകാംക്ഷ വെടിയാത്തത്...
ലളിത പറയുന്നുണ്ടാവണം .

മഴപ്പിറ്റെന്നു തൊടികളില്‍ കരിഞ്ഞു വീണ മഴപാറ്റകളുടെ ഖേദങ്ങളിലേയ്ക്ക് ലളിതയും എത്തിയിരുന്നു .
ബയോളജി ലാബില്‍ നിന്നും പുറത്തു കടക്കവേ മൈഥിലി ലളിതയെ തിരയുന്നുണ്ടായിരുന്നു
അമീബയുടെ ഏകാന്തതയ്ക്ക് ലളിത അത്യാവശ്യ ഘടകമാണ്
പക്ഷെ ലളിതയ്ക്ക്‌ അതറിയില്ലല്ലോ

മുഖക്കണ്ണടയൂരി തണുത്ത വെള്ളത്തില്‍ മുഖം പൂഴ്ത്തിയിരിക്കെ തന്റെ ഉള്ളിലെവിടെയോ ഒരു മഞ്ഞിന്‍പാളി വന്നു പതിച്ചതു പോലെ മൈഥിലിയ്ക്കനുഭവപ്പെട്ടിരിയ്ക്കണം പൊടുന്നനെ ,സാരിത്തലപ്പ് വലിച്ച് ചുമലിലേയ്ക്ക് എറിഞ്ഞ് അടിവയറിന്റെ ചെരിവുകളിലെയ്ക്ക് മൈഥിലി നഷ്ടപ്പെട്ടിരുന്നു ..!

-നിന്റെ ദാഹം പുരാതന ദ്വീപിന്റെ ഏകാന്തതയാണ് കുട്ടീ ..
നിന്റെ അഹന്തകള്‍ക്കു മുകളില്‍ ഒരു ദേശാടനക്കിളിയും ചിറകുണക്കാന്‍ പറന്നെത്തില്ല .
പക്ഷെ ഒന്നു നീ ഓര്‍ത്തോ ...നിനക്ക് ഗര്‍ഭപാത്രം അമീബയുടെ വന്യ നിശബ്ദത പറിച്ചുനടാന്‍ വേണ്ടി മാത്രം .......
ഒരു പുത്രനും നിന്നെ തേടി വരില്ല .എള്ളും പൂവും നേദിയ്ക്കാന്‍

മൈഥിലിയുടെ ജനല്‍ച്ചില്ലയില്‍ ഇപ്പോള്‍ മഞ്ഞു വീശുന്നുണ്ട് . താഴ്വാരങ്ങളില ത്രയും മഞ്ഞു പെയ്തു നിറയുന്നുണ്ടാവണം
സങ്കടങ്ങളുടെ കുന്ന് കയറിയിറങ്ങി വരുന്നവന് വേണ്ടി ഇതാ ... അവസാനത്തെ സത്ര പ്പടികള്‍ ...

ആരാണ് ഈ നിശബ്ദത പറിച്ചു നട്ടത് .
ഏത് ശ്രുതി യാണ് ഈശ്വരാ ശരീരത്തില്‍ മുളയ്ക്കുന്നത് .
ഒരുപക്ഷേ നിനക്കെങ്കിലും എന്നെ വായിച്ചെടുക്കാനാവു...
ഭാഷാന്തരം ചെയ്യാത്ത വിതുമ്പലുകളിലേയ്ക്ക് ..
ഇതാ എന്‍റെ കരം പിടിച്ചോളൂ ....പതുക്കെ ... പതുക്കെ .
പക്ഷെ .. ചേക്ക മറന്നതിന്റെ ഔചിത്യത്തെക്കുറിച്ച് നീ മിണ്ടരുത് ...
അമീബയുടെ നഗ്നതയിലേയ്ക്ക് നീ വിരല്‍ ചൂണ്ടുകയുമരുത്...!!


ഒരു തണുത്ത കൈത്തലം മുഖത്ത് തട്ടിയപ്പോള്‍ മൈഥിലി പിടഞ്ഞെഴുന്നെറ്റു
"... ന്ത്യേയ് ന്റെ കുട്ട്യേ .. നെനക്ക് ...."

മൈഥിലിയും കരച്ചലിന്റെ വക്കൊളമെത്തി യിരുന്നു .
അമീബയുടെ പുരാതന വ്യസനം മുത്തശ്ശിയ്ക്കറിയില്ലല്ലോ .

പുറത്ത് , അപ്പോഴും മഞ്ഞു പെയ്തുകൊണ്ടെയിരുന്നു .
ഇപ്പോള്‍ ബയോളജി ലാബില്‍ നിന്നും അമീബയുടെ മിടിപ്പുകള്‍
മൈഥിലിയുടെ ഹിമാക്കാഴ്ചകളിലെയ്ക്ക്‌ കുന്നിറങ്ങി വരുന്നുണ്ടാവണം .
അടുക്കളയില്‍ ചെന്നു കാപ്പി ഉണ്ടാക്കി , അതും മോന്തിക്കൊണ്ട് മൈഥിലി വീണ്ടും ഉറക്കപ്പായയില്‍ വന്നിരുന്നു .
ദൂരെ , ജനല്‍ച്ചില്ലകള്‍ക്കുമപ്പുറത്ത് ഒരുനിഴല്‍ നീങ്ങുന്നുണ്ട് . മൈഥിലി എഴുനേറ്റ് ജനല്‍ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞിന്‍ തുള്ളികള്‍ കൈപ്പടംകൊണ്ട് തുടച്ചുനീക്കവേ , ലളിത അപ്പോഴേയ്ക്കും മുറ്റത്തെത്തിയിരുന്നു

മൈഥിലിയുടെ കൈയില്‍നിന്നും കപ്പ് വാങ്ങി ലളിത മൈഥിലിയ്ക്കൊപ്പം വരാന്തയില്‍ ചെന്നിരുന്നു
- സീസണ്‍ തുടങ്ങി .. ലാബും തുറന്നിട്ടില്ല .. ഈ പ്രോഫെസ്സര്‍ ക്കെന്തു പറ്റി ആവോ....?
മൈഥിലി ഇവിടെയ്ക്ക് ആദ്യമായ് വരുമ്പോള്‍ സീസണ്‍ കഴിഞ്ഞിരുന്നു
- വാ നമുക്ക് പുറത്തിറങ്ങാം ..."
മൈഥിലി ലളിതയോട് പറഞ്ഞു ;
ഗൌണിനുമുകളില്‍ ചാരനിറമാര്‍ന്ന ഒരു പുതപ്പ് ചുറ്റി ലളിത്യ്ക്കൊപ്പം മൈഥിലി കുന്നിന്‍ മുകളിലേയ്ക്ക് നടന്നു ..

താഴ്വാരങ്ങളിലിപ്പോള്‍ ശുഭ്രനീലിമ പടരുന്നുണ്ടായിരുന്നു .
വെയിലും മഞ്ഞും കലര്‍ന്ന നിറഭേദങ്ങളുടെ കുന്നിന്‍ മുകളിലിരുന്ന് മൈഥിലിയ്ക്കൊപ്പം ലളിതയും തിരോധാനത്തിന്റെ കുന്നിറങ്ങിപ്പോഴവനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു
"തിരിച്ചു പോകാന്‍ വേണ്ടിയെങ്കിലും അവന് വരാമായിരുന്നു .. അല്ലേ ലളിതേ .."
"അമീബയുടെ ഈ ഏകാന്തതയ്ക്ക് എപ്പോഴാണ് ഇനി ശമനമുണ്ടാവുക

മൈഥിലി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .
ലളിത ബോധപൂര്‍വ്വം താഴ്വാരത്തിന്റെ സാന്ത്രതായിലേയ്ക്ക് കണ്ണുകളുടക്കിയിരുന്നു .
- ആരുടെയൊക്കെ ഓര്‍മ്മ കള്‍ തിന്നുവേണം ഈശ്വരാ .. ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ... ലളിതയ്ക്ക് തൊണ്ടയിലെവിടെയോ വിങ്ങല്‍ അനുഭവപ്പെട്ടിരിക്കണം
.ലളിത പറഞ്ഞു " വാ നമുക്ക് തിരിച്ചു പോവാം ..."
സങ്കടങ്ങളുടെ കുന്ന് കയറിയിറങ്ങവേ മൈഥിലിയുടെ പ്രസരിപ്പത്രയും മാഞ്ഞുപോയിരുന്നു .
-അമീബയുടെ ഘടനയില്‍ ഇതും സാരമായ പങ്ക് വഹിച്ചിരിക്കണം . അല്ലേ മൈഥിലി ...
ചാര നിറമാര്‍ന്ന കമ്പിളിയ്ക്കുള്ളില്‍ മൈഥിലി ഒരു കുരുവിയെപ്പോലെ വിറച്ചു .

ഇപ്പോള്‍ ആമ്ഫിബിയയ്ക്കും അമീബയ്ക്കുമിടയിലുള്ള താഴ്വാരങ്ങളില്‍ തിരോധാനത്തിന്റെ മഞ്ഞുപാളികള്‍ നീങ്ങുന്നതും കാത്ത് ,
ലളിതയുടെ ചുമലില്‍താങ്ങി മൈഥിലി പിന്നെയും വര്‍ത്തമാനങ്ങളില്‍ നിന്നും തെന്നിപ്പോകുകയായിരുന്നു......!!!

കഥ - അസൈനാര്‍

(1996)

Click here for Malayalam Fonts

No comments: