Sunday, April 5, 2009

ശരവണ - ചില ഉപക്കാഴ്ചകള്‍


വര - ഓപ്പു (അമല്‍ സെന്‍‍)

എല്ലാ കഥകളും അപൂര്‍ണ്ണമായിരിക്കെ നീ എന്തിനാണിങ്ങനെ പിന്നെയും ആയാസപ്പെടുന്നത് .കേട്ടു കഴിയുമ്പോഴേക്കും നരച്ചു പോകുമെന്ന ഭീതിയായിരുന്നുവോ നിനയ്ക്ക് . രുചികളില്‍ നിന്നും ഗന്ധങ്ങളില്‍ നിന്നും ഓര്‍മ്മയുടെ കീ വേര്‍ഡ് കണ്ടെത്താന്‍ ഇറങ്ങി പുറപെടുംമുന്പ് ശരവണ പറഞ്ഞ കഥകളിലും അങ്ങിങ്ങായി ചില നരകള്‍ മുളച്ചു പൊന്തിയിരുന്നു എന്നതും നേര് .

നേരും നെറികേടും കഴിഞ്ഞു നഗരവെളിച്ചത്തിന്റെ വിയര്‍പ്പാറ്റി അവളുടെ മടിയില്‍ തലചായ്ച്ച് കിടക്കുകയായിരുന്നു ഞാനപ്പോള്‍ .
കേള്‍വിപ്പെടാന്‍ തീര്‍ച്ചയാക്കിയ ഒരു സായഹ്ന്നത്തില്‍ വാക്കും മൌനവും തമ്മിലുള്ള ശത്രുത വെടിഞ്ഞു പരസ്പ്പരം നനയാന്‍ ഇറങ്ങിത്തിരിച്ചവരായിരുന്നു ഞങ്ങള്‍ .

എങ്കിലും ഇത്തരം ഗണനതിന്റെയും ഹരണത്തിന്റെയും ഇടവേളകളില്‍ നിന്നു ആയുസ്സിന്റെ തുമ്പികള്‍ പറന്നു പോകുന്നതെങ്ങോട്ടനെന്നു ശരവണ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തുന്നുന്ട്ടയയിരുന്നു.
പക്ഷെ , സൂത്ര മഹിമകളുടെ കോറസ്സ് പകുതെടുത്തത് ആരുടെ ബോധ നെറുകയില്‍ ഹാരമണിയിക്കാനാനെന്നു മാത്രം ,
ശരവണാ നീ അവനോടു ചോദിക്കരുത് .തന്‍റെ ചരിത്രമില്ലെന്കില്‍ പിന്നെ വെറും കെമിക്കല്‍ പ്രോസസ്സിന്ഗ് നടത്തുന്ന വെറും യന്ത്രമയേനെ അവന്‍ .
"പക്ഷെ , സ്വന്തം ചരിത്രം ബോധപൂര്‍വ്വം മറയ്ക്കുകയും മറക്കുകയും മറ്റുള്ളവരുടെ ജീവിതത്തിന്‍റെ ചുഴികളിലെയ്ക്ക് ഒരുളുപ്പുമില്ലാതെ ഇറങ്ങുകയും ചെയ്യുന്നതിലെ നേരികെടിനെ നിങ്ങള്‍ ഏതു സൂത്രവാക്യം കൊണ്ടാണ് അടിവരയിടുക " ശരവണ പിന്നെയും ക്ഷോഭിക്കുന്നു.
ഇന്നലെകള്‍ താണ്ടി വരുന്ന ആ ആപത് സൂചനകളില്‍ നിന്നും നീ എപ്പോഴാണ് ഇനിയും വിടുതല്‍ നേടുക .
(എന്റെ സന്ദെഹങ്ങളില്‍ പങ്കു ചേരാന്‍ തുടങ്ങിയതില്‍ പിന്നെ അവള്‍ ഇങ്ങനെയോകെയാണ് വേവലാതിപ്പെടുന്നത് )
വേരുകള്‍ മണ്ണിന്നടിയിലേയ്ക്ക് ആഴ്ന്നിരന്ങുംപോയാണ് ഇലകളും പൂവും കായും പ്രസരിക്കുന്നതിന്റെ ഒരു ചെടി ആത്മഹര്‍ഷം അനുഭവിയ്ക്കുന്നത്‌ .
'മണ്ണിന്റെ ആര്‍ദ്ര തയിലെയ്ക്ക് വലിയുന്ന വേരുകള്‍ ' പോലെയായിരുന്നു ശരവണ.
മുമ്പെപ്പോഴോ മര്‍ക്കരയിലെ ഒരു പ്രഭാതത്തിനും മുന്പേ അവന്‍ പറഞ്ഞിരുന്നു. അത്രയും നന്ന് .
പക്ഷെ എപ്പോഴാണ് എല്ലാം തകിടം മറിഞ്ഞത് ? മെയ് വഴക്കത്തിന്റെയും കൈ വഴക്കത്തിന്റെയും പടനിലങ്ങളിലെയ്ക്ക് ,
അവന്‍ എന്തോരം വേഗത്തിലാണ് തിടം വെച്ചത് .
ചര്യകളില്‍ സാമര്ത്യത്തോടെയും ആചാരങ്ങളില്‍ ഉല്‍സവലഹരി പകര്‍ന്നും നഗരികമായ തണുപ്പിലേയ്ക്ക് നടത്തകള്‍ നേര്‍ന്നും
ഒന്നുമറിയാതെ , ഒരു കുറ്റബോധം പോലും തീന്ട്ടാതെ ....!
പന്നികള്‍ വെട്ടയാടപ്പെടെന്ട്ട മൃഗങ്ങളാണെന്നുപറഞ്ഞതു അവനായിരിക്കണം .
അതെ -
മലത്തിന്റെ ഗന്ധങ്ങളെ സ്വപ്നം കാണുന്ന ജീവികള്‍ വേറേയുമുണ്ട് .
'എട്ടമത്സ്യം '
പിന്നെ....
വേണ്ട ,
Genetic engineering -ല്‍ എനിയ്ക്ക് പിടിപാടില്ല ശരവണ
Zoology അധ്യാപികയായ നിന്നോട് എനിയ്ക്ക് തര്‍ക്കിക്കണമെന്ന് ശാട്യവുമില്ല .
പക്ഷെ , നേര്‍ രേഘകളിലൂടെ ചരിയ്ക്കുക എന്നത് robert-കളുടെ രീതി ശാസ്ത്രം
അതിലെനിയ്ക്ക് താല്പര്യവുമില്ല . .
അല്ലെങ്കില്‍ കച്ചേരി വീടിലെ ഭ്രാന്തന്‍ മൂസ്സതിന്റെ മകളെ നെറികേടിന്റെ വായ്ത്താലയില്‍ നിന്നും പിടിച്ചിറക്കി കൊണ്ട് വന്നത് ഈയൊരു താല്‍പ്പര്യം കൊണ്ട് മാത്രം...

ചലനമെന്നത് ആയുര്‍രേഖകളെ കൂട്ടിയിണയ്ക്കുന്ന ഒടുവിലത്തെ കണ്ണിയാണെന്ന അനുഭവത്തിലെയ്ക്ക് ഉണര്‍ത്തിയത് നീ.
എന്നിട്ടും ചില എച്ചിലുകള്‍ആയ ശാട്യങ്ങളില്‍ കുടുങ്ങികൊണ്ട്തന്നെ ലഹരിയുടെ കടല്‍ചുഴികളിലെയ്ക്ക് നൂഴ്ന്നിരങ്ങുന്നതിന്റെ പിന്നിലെ ശാസ്ത്ര രീതികള്‍ കൊണ്ട് നിന്നെ മയപ്പെടുത്തനുമാവില്ല , നീ അവയെ പ്രതിരോധിക്കുന്നില്ലെന്കില്‍ കൂടി ..
പരസ്പ്പരം നഗ്ന്നരായി , അച്ചുതണ്ടിന്റെ ഗതി വേഗങ്ങളായി , പുലര്‍ന്നു ഒരു പ്രഭാതത്തില്‍ നിന്നിലുനര്‍ച്ച തേടുകയായിരുന്നു ഞാന്‍
നഗ്നതയെ ഏത് Dialectics ലൂടെയാണ് നിര്‍വചിയ്ക്കുക എന്നതായിരുന്നു എന്റെ അപ്പോഴത്തെ രീതിതലവും രതിതലവും .
'ഇരു തല മൂര്‍ച്ചയുള്ള ഒരു വാലിന്റെ വ്യാളിമുഖങ്ങള്‍ ' എന്നോ മറ്റോ നീ പേരിട്ടു വിളിച്ച അവന്റെ ചിത്രത്തിന്‍ താഴെ ,
നീ നിന്റെ രതി തലത്തിലേയ്ക്ക് ഉണര്ത്തിയതിന്റെ രേഖകള്‍ എന്റെ കൈവള്ളയിലെ രേഖംശങ്ങളും കടന്നു സുലക്ഷണ രേഖീയതയുടെ മണ്ണോലിപ്പുകളിലെയ്ക്ക് വന്നു വീഴുന്നു എന്നത് മറൊരു വൈചിത്ര്യമാവാം.
യുക്തിയുടെ പുറം തൊലിയ്ക്കപ്പുറത്തു ക്രമച്ച്ചരടുകളഴിയുന്നത്‌ , ശരവണാ ... നിന്റെ കാഴ്ചകളില്‍ നിന്നും അവന്റെ ചരിത്രത്തില്‍ നിന്നും ചിറകു നീര്‍ത്തുന്നത് ഏത് ദേശാടനത്തിന്റെ നൊസ്റ്റാള്‍ജിയയില്‍ ചെന്നു പതിയ്ക്കന്നാണ്

ബോധ വാക്യങ്ങള്‍ മരുകരകളെ ബന്ധിപ്പിയ്ക്കുന്ന വ്യസന മൌനവും കടന്നു നിര്‍മമതയുടെ മെത്തയിലെയ്ക്ക് തന്നെ വരികയാണോ
പോര്‍ തവളയുടെ ഇര പിടുത്തത്തെ കുറിച്ചു Zoology ലാബിലെ കുട്ടികളോട് പറയുക .വയലറ്റ് മഷിയുടെ ഉപയോഗത്തെ കുറിച്ചും .ജനിതകങ്ങളുടെ പിന്‍ബലത്തില്‍ അവര്‍ അനാഥദേഹത്ത് വയലറ്റ് മഷിയില്‍ രേഖപ്പെടുത്തട്ടെ ,ജീവിച്ച ജീവിതവും ജീവിക്കപ്പെടാത്ത ജന്മത്തെക്കുറിച്ചും പേര്‍ത്തും പേര്‍ത്തും പറഞ്ഞു അവര്‍ ഭേരി മുഴക്കട്ടെ .
ചില്ലലമാരകളിലെ രസലായനികളില്‍ കിടന്ന ജീവിതത്തിനുമേല്‍ കാണിയാവാന്‍ വിധിയ്ക്കപ്പെട്ടവരുടെ ആന്തല്‍ കൂടി പകര്‍ത്തുക.
ജീവിച്ച ജീവിതത്തിന്റെ കറുപ്പും വെളുപ്പുമായി പരിയാന്‍ വേണ്ടി .....
അതെ , അടിയറവിന്റെ വലക്കണ്ണിയിലേയ്ക്കു അവയവങ്ങള്‍ എറിഞ്ഞു കൊടുത്തവന്റെ ചിത്രത്തിലേയ്ക്കു , ശരവണാ ഇനിയും എന്നെ നീ കൂട്ടി കൊണ്ട്പോകരുത്
വേവലാതിപ്പെടാന്‍ ഒന്നുമില്ലത്തവന്റെ പെരുക്കുന്ന ശൂന്യതയോര്‍ത്ത് സങ്കടപ്പെടെന്റ്ടി വരിക ..
ഒരു പക്ഷെ ചില അന്ഞെയതകള്‍ നേര്‍രേഖകളിലൂടെ വായിച്ചെടുക്കാന്‍ പറ്റില്ല എന്നത് നിന്റെയും അവന്റെയും പരിമിതി
അതോ എന്റേത് മാത്രമോ ?
അന്വോഷണം വഴി മുട്ടുകയും നടത്തകള്‍ നേരിന്റെ ഓരങ്ങളില്‍ തറയ്ക്കുകയും ചെയ്യുമ്പോള്‍ പതറിയത് ആരായിരുന്നു ?

ജന്മമെന്നത് ചില വ്യതിയാനങളുടെ പരിണിതി എന്ന ശാഠൃങ്ങളില്‍ നിന്നും അവന്‍ എന്നോ വിടുതല്‍ നേടിയിരിക്കണം
അവശേഷിയ്ക്കുന്നത് കാന്തികബലം വിട്ടു സ്ഥലത്തിന്റെ വിതാനത്തിലെയ്ക്ക് ഊര്‍ന്നു വീഴുന്ന മനസ്സിന്റെ ആധികള്‍
പഴകിയ ഗന്ധങ്ങളുടെ ചൂരിനെ പുതു ഗന്ധങ്ങള്‍ തൂവി വെടിപ്പാക്കുംപോഴും , തെറിച്ചു വീണ ആസക്തികളുടെ മുറിവില്‍ നിന്നും എപ്പോഴും കിനിയുന്ന ഓര്‍മ്മകള്‍ ശരവണാ ..നിന്നെ വേട്ടയാടുന്നു എന്നത് ,എനിയ്ക്കിപ്പോള്‍ ഊഹിചെടുക്കാം
വിലാസങ്ങളുടെയോ നില നില്‍പ്പിന്റെയോ വേവലാതികള്‍ അവനെ തീണ്ടില്ല എന്ന് പറയുമ്പോഴും ശരവണാ ,
നീ നടന്നു തീര്‍ത്ത പാതകള്‍ എന്നെയും കവിഞ്ഞു നീണ്ടു കിടക്കുകയാണ്
നിനയ്ക്ക് കുറുകെ അവന്‍ വെട്ടിമാറ്റിയ പച്ചപ്പുകള്‍

അമ്പിന്റെ കാര്ക്ക്ശ്യതിലുടെ അപമാനത്തില്‍ കത്തിനിന്ന ഉച്ചകള്‍ ,നാട്ടുമ്പുറം പോലും എത്ര വേഗമാണ് ചില രാസ മാറ്റങ്ങള്‍ക്കു വിധേയമാകുന്നത് .അതെ എല്ലാം എത്ര വേഗമാണ് തകിടം മറിയുന്നത്
പകിട കളിക്കാരന്റെ കൈയിലെ കരുക്കള്‍ പോലെ എത്ര വേഗമാണ് എല്ലാം നഗ്നമാവുന്നത്
സോര്‍ബ ആവാന്‍ പറ്റിയില്ല എങ്കിലും കത്തി നിന്ന ഒരു ഉച്ചയില്‍ നിന്നും ഒരു bible വാക്യത്തിലേയ്ക്കു
നിന്നെയും ചേര്‍ത്ത്‌ നടക്കുമ്പോള്‍ ഞാനും കരുതിയിരുന്നില്ല നിന്റെയീ പെരുക്കുന്ന......
പിടി വള്ളികള്‍ ഊര്‍ന്നു പോവുമ്പോള്‍ , ഭൂമിയുടെ തണുപ്പിലേയ്ക്ക് കാറ്റു മെയ്യോടെ പിടിച്ചു കൊണ്ടുപോവുമ്പോള്‍ ... നാമൊക്കെ ജീവിച്ച ജീവിതത്തിന്റെ അശ്ലീലത മറ നീക്കപ്പെടുമ്പോള്‍ .... ഒരുവേള എല്ലാം മറന്നു അന്നന്നത്തെ അപ്പം മാത്രം സ്വപ്നം കണ്ടു പിന്നെയും പഴയതുപോലെ യോക്കെത്തന്നെ ഉദാ സീനമായി കരുക്കള്‍ നീക്കിയേക്കാം
ലജ്ജയ്ക്കോ സഹതാപത്തിനോ ഇടം നല്‍കാതെ .... ഏതോ അപൂര്‍വ സ്പീഷിസുകളിലെ അവസാനത്തെ കണ്ണിയായ്‌...
പക്ഷെ ശരവണാ .... നിന്റെയീ ഗര്ഭാല്സ്യം എന്റെ വിചാരങ്ങളുടെ കുറുകെ കടന്നു കുറുകുകയാണല്ലോ
അനാഥത്വത്തിന്റെ ധാരാള്യതയില്‍ നിന്നും അവന്‍ എന്നെങ്കിലും നമുക്കു നേരെ വിരല്‍ ചൂണ്ടിയേക്കാം
അതെ , തന്തയില്ലതവന്റെ ചരിത്രത്തിനു ഇരപിടുത്തത്തോളം പഴക്കമുണ്ട് അല്ലെങ്കില്‍ വേട്ടയാടപ്പെടലോളം
പക്ഷെ പെരുക്കുന്ന നിന്റെ വയറ്റിലെ പച്ച ഞരമ്പുകള്‍ വലിയുന്നതിന്റെ ശബ്ദം വര്‍ഗ്ഗ ബന്ധങ്ങളില്‍ നിന്നും എന്റെ ചിന്തകളെ അപ്പാടെ പിളരുകയാണ് ശരവണാ....
മറ്റു മനുഷ്യരില്‍ നിന്നല്ല മറ്റു മൃഗങ്ങളില്‍ നിന്നാണ് നാം വ്യതിചലിച്ചത്
ഇര പിടിക്കാനിറങ്ങിയതിന്റെ ഏതോ കാലയളവില്‍ കാമത്തിന്റെയും വിശപ്പിന്റെയും സ്വരരാഹിത്യത്തില്‍ പരസ്പ്പരം മൂക്കള ചീന്തി , തുപ്പലിന്റെയും മൂത്രത്തിന്റെയും ഭീതിദമായ ഗന്ധ വാഹിനികള്‍ പൊട്ടിച്ച് പ്രസരിയ്ക്കാന്‍ തുനിഞ്ഞപ്പോള്‍
പക്ഷെ , ശരവണാ .... ഇരുളിന്റെ വന്യതയിലെ അപകീര്‍ത്തികള്‍ അവന്‍ വായിച്ചെടുക്കുന്നത് ഏത് Dialectics ലൂടെയാവാം ....
മനസ്സെന്ന അനാഥ മന്ദിരത്തിലേയ്ക്ക് രാത്രിചൂട്ടിന്റെ കനലുകള്‍ പാളി വീഴുമ്പോള്‍ എനിയ്ക്കും നിനയ്ക്കുമിടയില്‍
അവന്റെ കുസൃതികളില്‍ പങ്കു ചേരുംമ്പോഴൊക്കെ സദാചാര വേലിപ്പൊത്തിലെ വിഷ സര്‍പ്പങ്ങള്‍ ആഞ്ഞു കൊത്തുമ്പോള്‍
ശരവണാ .. ഏതേതു മനക്കരുത്തിന്റെ നേര്‍ച്ചകളിലെയ്ക്കാണൂ നിന്റെ കരം പിടിച്ചു കയറ്റെന്റ്ടത്
ഒരു പക്ഷെ നീ മുമ്പെ പറഞ്ഞതുപോലെ എല്ലാ കഥകളും അപൂര്‍ണ്ണമായിരിക്കെ . പിന്നെയും , ഏതേതു കഥയില്ലയ്മയിലെക്കാണൂ നാം വന്നെത്തി നില്ക്കുന്നത് ......

Thursday, October 2, 2008

കരിയിലകളില്‍ കാറ്റുപിടിക്കുമ്പോള്‍


വര - ഓപ്പു (അമല്‍ സെന്‍)
"..ആകയാല്‍ യഹോവ ഇപ്രകാരം പറഞ്ഞു :
ഞാന്‍ ഈ ജനത്തിന്റെ മുമ്പില്‍ ഇടര്‍ച്ചകളെ വെയ്ക്കും പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേലെ തട്ടി വീഴും .. അയല്‍ക്കാരനും കൂട്ടുകാരനും നശിച്ചു പോകും ...."

- ബൈബിള്‍.

-ഇപ്പോള്‍ നിങ്ങളെന്തിനാണ് ഈ മുറിയില്‍ തമ്പടിച്ചിരിക്കുന്നതെന്ന് എന്നെയ്ക്കളെറെ നിങ്ങള്‍ക്കറിയാം .
എനിയ്ക്ക് വേണ്ടിയുള്ള ഈ ഔദാര്യത്തിനു ഞാന്‍ നന്ദി പറയുമെന്ന് നിങ്ങള്‍ മൂവരില്‍ ആരെങ്കിലും കരുതുന്നുന്ടാവണം.
പക്ഷെ ,നറുക്കെടുപ്പിന്റ്റെ ഫലങ്ങള്‍ക്ക് കാതോര്‍ത്തിരിയ്ക്കുന്നവന്റെ ആകാംക്ഷയില്‍ നിങ്ങള്‍ മൂവരും എന്നെ മൃതിയടഞ്ഞിരുന്നു . വിചാര വിക്ഷോഭങ്ങളുടെ കടല്‍മുറ്റത്തുനിന്നും കര്‍ക്കിടക പൊറുതിയുടെ ഇല്ലായ്മയിലൂടെ പടിയിറങ്ങിപ്പോയവന്റെ പെണ്ണ് നിങ്ങളുടെ അപ്പവും വീഞ്ഞുമായിരുന്നുവല്ലോ ...

-ദ്രവിച്ച മുഷ്ട്ടിയിലൂടെ വിപ്ലവത്തിന് ഊരിപ്പോരാന്‍ എളുപ്പമാണെന്ന് പറഞ്ഞത് നിങ്ങളില്‍ ഒരുവന്‍ .
-കമ്പോള വിലവിവരപ്പട്ടികയില്‍ നിങ്ങള്‍ കുറിച്ചുവെച്ച പേര് ഊര്‍മിള .
-ഉന്മൂലനത്തിന്റെ തറപറകളില്‍ ഊര്‍മിള നിങ്ങള്‍ക്കെഴുതിപ്പടിക്കാനുള്ള സ്ലയ്ട്ടയിരുന്നുവല്ലോ ...

-മയക്കുകയും തിരുത്തുകയും ചെയ്യുന്ന ചുവന്ന വര്‍ഷങ്ങള്‍
-പൊള്ളുന്ന ജനല്‍പ്പഴുതുകള്‍
-സന്താപമെറ്റ കുടിലുകള്‍
പക്ഷെ ,
തപന്‍
അവന്റെ പേര്‍ നിങ്ങള്‍ ഉച്ചരിക്കരുത് .
കര്‍ക്കിടക പൊറുതിയുടെ ഇല്ലായ്മകളില്‍നിന്നും അവന്റെ ഭൂചലനം നിങ്ങളെ ഇനി അലട്ടുകയുമില്ല ..
അധിനിവേശത്തിന്റെ കുന്നിന്‍പുറത്ത് , രാജര്‍ഷിയുടെ ചൊല്‍ക്കാഴ്ചകള്‍ക്ക് കണ്ണും കാതും കാഴ്ചവെച്ചു
പുലര്‍ന്നു ഒരു പ്രഭാതത്തില്‍ ,വെന്ത മണ്ണിന്റെ ചൂരുമായി ഊര്‍മിളയില്‍നിന്നും പിന്‍വാങ്ങി നടക്കവേ ,
വേഷങ്ങളത്രയും നിങ്ങള്‍ ആടിക്കഴിഞ്ഞിരുന്നു ..
തിരുത്തല്‍ വാദത്തിന്റെ രതിസുഖാലാസ്യത്തില്‍ നിന്നും , സന്നിപാതത്തിന്റെ ചൂളയിലെയ്ക്ക് ,പിന്നെയും നിങ്ങളില്‍ ഒരുവന്‍ വന്നു പെട്ടിരുന്നുവല്ലോ .
-എവിടെയുമെത്തിചേരാത്ത അല്ലെങ്ക്കില്‍ എവിടെയുമെത്തിചേരുന്ന ,സ്വപ്നാനുഭവം പോലെ ,ഊര്‍മിള അപ്പോഴേയ്ക്കും വറുതികല്‍ താണ്ടി നിങ്ങളില്‍ തന്നെ വന്നണഞതും ഒരു കാരണമാവാം .
-ജീവിതം നിദ്രാനുഭവം പോലെ വെളിവില്ലാത്തതും നെറികെട്ടതുമാണെന്ന് ഒരുവേള അവളും കരുതിക്കാണുമോ .
ഓര്‍മ്മകള്‍ , അവ പിറക്കുന്നത്‌ സെല്ലുലോയ്ഡിലെ ധവളധൂളികള്‍ പോലെ ആയിരിക്കില്ല , സെക്കന്റില്‍ ചലനം സാദ്ധ്യമാക്കുന്ന ഓര്‍മ്മയുടെ ഫ്രെയിമുകളില്‍ ജീവിതം ഒതുങ്ങി നിന്നിരുന്നില്ല തപനെ സംബന്ധിചെടുത്തോളം ...
തപന്‍ ,അവനഴിച്തെറിഞ്ഞ തിരശീലയുടെ ഞോരിവുകള്‍ ഇപ്പോള്‍ നമുക്കിടയില്‍ പെരുകുന്നുന്ടോ
-ഹില്‍ സ്റ്റേഷന്റെ പടിഞ്ഞാറെ കോളനിയില്‍ നിന്നും മൊത്തമായി സ്വപ്നം പതിച്ചുകൊടുത്ത ചുവന്ന പകലിന്റെ കൈവഴികളില്‍ പ്രളയം തുടല്‍ പൊട്ടിച്തെത്തിയതും ഒരു കാരണമാവാം.
-പക്ഷെ സാമര്‍ത്യത്തെ ബുദ്ധിയായി കാണുന്നിടത്ത് നിന്നുമാണ് ഈ വൈരുദ്ധ്യത്തിന്റെ തുടക്കം
അല്ലെങ്കില്‍ പരീക്ഷ ഹാളില്‍ നിന്നും ഫുട്ബോള്‍ ഗ്രൌന്ടിലേയ്ക്കുള്ള കൂടുമാറ്റം .
അതെ , നിങ്ങള്‍ കളിച്ച കളിയുടെ രഹസ്യങ്ങളീലൊന്നുമാത്രം .
-ഗാലറിയുടെ പേശികളില്‍ ആനന്ദത്തിന്റെ മുദ്ര പതിച്ചിറങ്ങിയ പ്രേക്ഷകരുടെ മനസ്സിലേയ്ക്ക് ചിറകടിപോലെ ഇളക്കങ്ങള്‍ സൃഷ്ടിച്ചു പിന്തിരിഞ്ഞ മുഹൂര്‍ത്തം .
വരാനിരിയ്ക്കുന്ന പുലരിയുടെ കാഹളത്തിന് മാറ്റ് കൂട്ടുവാന്‍ ഊര്‍മ്മിള അത്യാവശ്യ ഘടകവു മായിരുന്നുവല്ലോ .
ചാവേര്‍പടയുടെ അന്തിത്താവളത്തില്‍ വിറകുകൊള്ളിയിലൊരു പുതിയ സൂര്യനെ സൃഷ്ടിക്കാന്‍ പുഴ കടന്നെത്തിയ തപനെ നിങ്ങള്‍ മറന്നു കഴിഞ്ഞുകാണും !
മൈതുനത്തിന്റെ മൂര്‍ച്ചകളില്‍ ഊര്‍മ്മിള കാടുകളുടെ വന്യതയില്‍ നിന്നും പിയേര്‍സ് സോപ്പിന്റെ ഉന്മത്തതയിലേയ്ക്ക് എത്തിയിരുന്നുവല്ലോ .
ഒരു പറിച്ചു നടല്‍ .
അത്ര മാത്രം .
പക്ഷെ -
വിത്തിനെ മറന്ന ഉടലിന്റെ പുറം കാഴ്ചകളില്‍ ഇരുണ്ടുപോയ ചേരികളില്‍ നിന്നും
പുലയടിയന്തരത്തിന് നാല്പതിഴെയിന്റെ മഹിമകള്‍ കോറസ്സായി പകുത്തെടുത്തത്‌ മാനിഫെസ്റ്റിന്റെ മാറ്റ്കൂട്ടാനാവും .
ഫലനിയമത്തിന്റെ മറ്റൊരു തന്ത്രം -
വിരല്‍ തുമ്പിന്റെ കേടുപാടുകളില്‍ നിന്നും പാവകളുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് ....
ചക്രങ്ങള്‍ക്ക് ബലം കൂട്ടാന്‍ ചേരിയുടെ പ്രാണഞരമ്പ് വേണമായിരുന്നു
പ്രസ്ഥാനങളുടെ ശവഘോഷ യാത്രകള്‍ക്ക് ഗാലറികളുടെ പേശിബലവും .

- പിയെയ്ര്സ് സോപ്പിന്റെ ലവണഘന്ധത്തില്‍നിന്നും ഊര്‍മ്മിള ഇപ്പോള്‍ മുക്തമായിരിക്കുമോ ...
മറ്റൊരു പദാര്‍ത്ഥത്തിന്റെ സുഷിരങ്ങളില്‍ നിന്നും അവള്‍ കാശിമുല്ലയുടെ സുഗന്ധവുമായി രൂപം പ്രാപിച്ചു കഴിഞ്ഞിരിക്കും
തെറ്റി
കാശിമുല്ലയുടെ സുഗന്ധത്തില്‍ നിന്നും ലവണഗന്ധത്തിന്റെ പുറംകാഴ്ചയിലേയ്ക്ക്‌
അതെ
ഒരു കുഴമറിച്ചെല്‍ അത്രമാത്രം
പഴയ കളികളുടെ തുടര്‍ച്ച
അഭ്രപഥങ്ങളില്‍ മുനചെത്തി വരുന്ന ഒരു പെന്‍സിലില്‍ ഒടുങ്ങാന്‍ വിധിക്കപ്പെട്ട മറ്റൊരു ഷെനേറിയ .
ഫെല്ലിനിയുടെ കുതിരനൃത്തം
ദാലിയുടെ ഭ്രാന്ത്
ബുനുവലിന്റെ പിളര്‍ന്ന കണ്ണ്
ലാ ഒളിവദോസ്
യംഗ് ആന്‍ഡ് ഡാംട്‌
ഇറച്ചിയില്‍ നിന്നും അന്യപ്പെട്ടുപോയ ഒരു പൂങ്കരളിന്റെ ഓര്‍മ്മ .

ഇപ്പോള്‍
നിങ്ങളും പിരിഞ്ഞു പോവാന്‍ തയ്യാറെടുക്കുകയായിരിയ്ക്കും
ഓക്സിജന്‍ സിലന്ടരില്‍ അവസാന തുള്ളിയും പെയ്തൊഴിഞ്ഞു കാണും
കര്ട്ടനു മുന്‍പില്‍ അവസാന സീക്വന്‍സ് ആദ്യമേ കണ്ടുകഴിഞ്ഞ പ്രേക്ഷകന്റെ ആലോസരങ്ങളിലെയ്ക്ക്
ഉച്ചാസങ്ങളുടെ പെന്‍ഡുലം താഴ്ത്താന്‍ ഇനി ആയുസ്സിന്റെ ശേഷിപ്പിലെയ്ക്ക് നിമിഷങ്ങള്‍ മാത്രം

ഞാന്‍ ഇനിയും നന്ദി പറഞ്ഞില്ല
നിങ്ങള്‍ മൂവരില്‍ ആരെങ്കിലും അത് പ്രതീക്ഷിക്കുന്നുന്ട്ടാവും
പക്ഷെ ,ഒരു നന്ദിയില്‍ ചലനം സാധ്യമാക്കാന്‍ എന്റെ ചായഗ്രഹകാന്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല
എങ്കിലും
ഇര മണത്തെത്തുന്ന ഈ ഈതരിന്‍ മൌനത്തില്‍ നിന്നും മറ്റൊരു ആരംഭത്തിന്റെ തുടര്‍ച്ചയിലൂടെ , ഊര്‍മ്മിളയുടെ നിദ്രാ ഭംഗത്തിലേയ്ക്ക് ..

Sunday, August 17, 2008

മൈഥിലിയുടെ സാന്ത്വനങ്ങള്‍



വര : റജുല

അമീബയുടെ പൊക്കിള്‍കൊടിയെക്കുറിച്ചുള്ള ചില വിചിത്രചിന്തകളുമായാണ് മൈഥിലി ഉറക്കമുണര്‍ന്നത് !
ബയോളജി ലാബില്‍ നിന്നാണ് അത്തരമൊരു ചിന്ത മൈഥിലിയില്‍ ആദ്യമായ് ചേക്കേറിയത് .

അമീബയുടെയും ആമ്ഫിബിയയുടെയും ഇടത്താവളത്തിലൊരിതത് താന്‍
എത്തേണ്ടതുള്ള, ഒരു ആന്തരിക പരിണിതിയുടെ മുഖച്ചട്ടകള്‍ പറിക്കാന്‍ മിനക്കെടുന്നതിനും മുമ്പെ ,
ആമ്ഫിബിയയുടെ കപ്പല്‍ഛേദങ്ങളിലെയ്ക്ക് മൈഥിലി എടുത്തെറിയപ്പെട്ടിരുന്നു .

തന്റെ കയ്യൊപ്പ് പതിഞ്ഞ ഒരുതാളില്‍ ഗോഥിക് ചിത്രങ്ങളുടെ പകര്‍പ്പെടുക്കുന്ന ലളിതയുടെ ഓരം പറ്റി മൈഥിലി
അങ്ങനെ എത്രനേരമിരുന്നെന്ന് ,മൈഥിലി ഇപ്പോള്‍ ഓര്‍മിക്കുന്നുണ്ടാവണം...

വാക്കുകളുടെയും അക്കങ്ങളുടെയും ഗോഥിക്സ്രിന്കലകളില്‍ കാന്തത്തിന്റെ ബാഷ്പീകരണ തത്വങ്ങള്‍
അടങ്ങിയിരിക്കുന്നുവെന്ന അറിവ് നാമ്പെടുത്തതും , ലളിതയുടെ ശരീരത്തിലെവിടെയോ ഉരസിയപ്പോഴാ യിരിക്കണം.
ഒരു കുസൃതിചിരിയില്‍ ആ ഭാവം ലളിത പ്രകടിപ്പിച്ചിരുന്നു.

ലളിതയുടെ ദിനക്കുറിപ്പില്‍ ഇളം നീലമഷിയില്‍ കുറിച്ച് വെച്ച വാക്കുകളുടെ ചൂഴ്നിലങ്ങള്‍ ഇപ്പോള്‍ മൈഥിലിയില്‍ ഇറങ്ങി വന്നിരിയ്ക്കണം..!!!
'Is every woman a new land, whose secrets you want to discover'
തന്റെ പൂര്‍വ്വികരുടെ നിജസ്ഥിതിയിലേയ്ക്കു ലളിതയും ഒത്തിരി നടന്നിരുന്നു എന്ന അറിവും താണ്ടിയാണ് , ക്ഷണമില്ലാതെ
തന്റേടത്തോടെ ലളിതയുടെ അനക്സില്‍ മൈഥിലി കയറിചെല്ലുന്നത് .അപ്പോള്‍ ലളിത ആശ്ചര്യപ്പെട്ടിരിക്കണം ,
പലവുരു ക്ഷണിച്ചിട്ടും വരാതെ ഒഴിഞ്ഞുമാറിയ മൈഥിലി ഇപ്പോള്‍ വന്നതിന്റെ ഔചിത്യത്തെക്കുറിച്ച് ഒട്ടൊരു വീറോടെ മൈഥിലി യോട് പരാതിപ്പെടവേ , ലളിതയെ കെട്ടിപ്പിടിച്ചൊരുമ്മ നല്കികൊണ്ട് മൈഥിലി പറഞ്ഞു :
' താന്‍ എന്‍റെ ആസ്തികളില്‍ പെട്ടതാ മോളേ ,പരസ്പരം സമൃദ്ധമായ ഒരു നോട്ടത്തില്‍ അങ്ങനെ എത്ര നേരമിരുന്നെന്ന് മൈഥിലി ഇപ്പോള്‍ ഓര്‍മ്മിക്കുന്നുണ്ടാവണം

അമീബയുടെ ഘടനയില്‍ ഇതൊരു പ്രകാശത്തിന്റെ ചെറുതിരിയായ് നില്‍ക്കട്ടെ ... അല്ലെ മൈഥിലി ...
മൈഥിലി സ്വയം പറഞ്ഞു .
മുത്തശ്ശിയ്ക്ക് കുളിയ്ക്കാന്‍ വെള്ളം ചൂടാക്കുകയായിരുന്നു മൈഥിലി അപ്പോള്‍
ദേഹവളയലുകളും നട്ടെല്ലിന്റെ കശേരുക്കളും ആമ്ഫിബിയയുടെ പഠനത്തിലെയ്ക്ക് വെളിച്ചം വീശുന്നവയാണ് .
ഇപ്പോള്‍ ഉറക്കച്ചടവില്‍ ബോധത്തിനും കേവേലതയ്ക്കുമപ്പുറം ലളിതയുടെ സ്കെച്ചുകളില്‍ അമീബയുടെ ഗോഥിക് രാശികള്‍ പിറവി കാത്തു നില്‍പ്പുണ്ടാവണം..!
മൈഥിലി ... നീയെന്റെ ആരാണ് മോളെ... പരിണാമത്തിന്റെ ഏടുകളില്‍ സമയസ്ഥലികളുടെ ഇനിയും പച്ച കുത്താത്ത വഴികളില്‍ എന്തേ ... നീ നിന്റെ ആകാംക്ഷ വെടിയാത്തത്...
ലളിത പറയുന്നുണ്ടാവണം .

മഴപ്പിറ്റെന്നു തൊടികളില്‍ കരിഞ്ഞു വീണ മഴപാറ്റകളുടെ ഖേദങ്ങളിലേയ്ക്ക് ലളിതയും എത്തിയിരുന്നു .
ബയോളജി ലാബില്‍ നിന്നും പുറത്തു കടക്കവേ മൈഥിലി ലളിതയെ തിരയുന്നുണ്ടായിരുന്നു
അമീബയുടെ ഏകാന്തതയ്ക്ക് ലളിത അത്യാവശ്യ ഘടകമാണ്
പക്ഷെ ലളിതയ്ക്ക്‌ അതറിയില്ലല്ലോ

മുഖക്കണ്ണടയൂരി തണുത്ത വെള്ളത്തില്‍ മുഖം പൂഴ്ത്തിയിരിക്കെ തന്റെ ഉള്ളിലെവിടെയോ ഒരു മഞ്ഞിന്‍പാളി വന്നു പതിച്ചതു പോലെ മൈഥിലിയ്ക്കനുഭവപ്പെട്ടിരിയ്ക്കണം പൊടുന്നനെ ,സാരിത്തലപ്പ് വലിച്ച് ചുമലിലേയ്ക്ക് എറിഞ്ഞ് അടിവയറിന്റെ ചെരിവുകളിലെയ്ക്ക് മൈഥിലി നഷ്ടപ്പെട്ടിരുന്നു ..!

-നിന്റെ ദാഹം പുരാതന ദ്വീപിന്റെ ഏകാന്തതയാണ് കുട്ടീ ..
നിന്റെ അഹന്തകള്‍ക്കു മുകളില്‍ ഒരു ദേശാടനക്കിളിയും ചിറകുണക്കാന്‍ പറന്നെത്തില്ല .
പക്ഷെ ഒന്നു നീ ഓര്‍ത്തോ ...നിനക്ക് ഗര്‍ഭപാത്രം അമീബയുടെ വന്യ നിശബ്ദത പറിച്ചുനടാന്‍ വേണ്ടി മാത്രം .......
ഒരു പുത്രനും നിന്നെ തേടി വരില്ല .എള്ളും പൂവും നേദിയ്ക്കാന്‍

മൈഥിലിയുടെ ജനല്‍ച്ചില്ലയില്‍ ഇപ്പോള്‍ മഞ്ഞു വീശുന്നുണ്ട് . താഴ്വാരങ്ങളില ത്രയും മഞ്ഞു പെയ്തു നിറയുന്നുണ്ടാവണം
സങ്കടങ്ങളുടെ കുന്ന് കയറിയിറങ്ങി വരുന്നവന് വേണ്ടി ഇതാ ... അവസാനത്തെ സത്ര പ്പടികള്‍ ...

ആരാണ് ഈ നിശബ്ദത പറിച്ചു നട്ടത് .
ഏത് ശ്രുതി യാണ് ഈശ്വരാ ശരീരത്തില്‍ മുളയ്ക്കുന്നത് .
ഒരുപക്ഷേ നിനക്കെങ്കിലും എന്നെ വായിച്ചെടുക്കാനാവു...
ഭാഷാന്തരം ചെയ്യാത്ത വിതുമ്പലുകളിലേയ്ക്ക് ..
ഇതാ എന്‍റെ കരം പിടിച്ചോളൂ ....പതുക്കെ ... പതുക്കെ .
പക്ഷെ .. ചേക്ക മറന്നതിന്റെ ഔചിത്യത്തെക്കുറിച്ച് നീ മിണ്ടരുത് ...
അമീബയുടെ നഗ്നതയിലേയ്ക്ക് നീ വിരല്‍ ചൂണ്ടുകയുമരുത്...!!


ഒരു തണുത്ത കൈത്തലം മുഖത്ത് തട്ടിയപ്പോള്‍ മൈഥിലി പിടഞ്ഞെഴുന്നെറ്റു
"... ന്ത്യേയ് ന്റെ കുട്ട്യേ .. നെനക്ക് ...."

മൈഥിലിയും കരച്ചലിന്റെ വക്കൊളമെത്തി യിരുന്നു .
അമീബയുടെ പുരാതന വ്യസനം മുത്തശ്ശിയ്ക്കറിയില്ലല്ലോ .

പുറത്ത് , അപ്പോഴും മഞ്ഞു പെയ്തുകൊണ്ടെയിരുന്നു .
ഇപ്പോള്‍ ബയോളജി ലാബില്‍ നിന്നും അമീബയുടെ മിടിപ്പുകള്‍
മൈഥിലിയുടെ ഹിമാക്കാഴ്ചകളിലെയ്ക്ക്‌ കുന്നിറങ്ങി വരുന്നുണ്ടാവണം .
അടുക്കളയില്‍ ചെന്നു കാപ്പി ഉണ്ടാക്കി , അതും മോന്തിക്കൊണ്ട് മൈഥിലി വീണ്ടും ഉറക്കപ്പായയില്‍ വന്നിരുന്നു .
ദൂരെ , ജനല്‍ച്ചില്ലകള്‍ക്കുമപ്പുറത്ത് ഒരുനിഴല്‍ നീങ്ങുന്നുണ്ട് . മൈഥിലി എഴുനേറ്റ് ജനല്‍ചില്ലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞിന്‍ തുള്ളികള്‍ കൈപ്പടംകൊണ്ട് തുടച്ചുനീക്കവേ , ലളിത അപ്പോഴേയ്ക്കും മുറ്റത്തെത്തിയിരുന്നു

മൈഥിലിയുടെ കൈയില്‍നിന്നും കപ്പ് വാങ്ങി ലളിത മൈഥിലിയ്ക്കൊപ്പം വരാന്തയില്‍ ചെന്നിരുന്നു
- സീസണ്‍ തുടങ്ങി .. ലാബും തുറന്നിട്ടില്ല .. ഈ പ്രോഫെസ്സര്‍ ക്കെന്തു പറ്റി ആവോ....?
മൈഥിലി ഇവിടെയ്ക്ക് ആദ്യമായ് വരുമ്പോള്‍ സീസണ്‍ കഴിഞ്ഞിരുന്നു
- വാ നമുക്ക് പുറത്തിറങ്ങാം ..."
മൈഥിലി ലളിതയോട് പറഞ്ഞു ;
ഗൌണിനുമുകളില്‍ ചാരനിറമാര്‍ന്ന ഒരു പുതപ്പ് ചുറ്റി ലളിത്യ്ക്കൊപ്പം മൈഥിലി കുന്നിന്‍ മുകളിലേയ്ക്ക് നടന്നു ..

താഴ്വാരങ്ങളിലിപ്പോള്‍ ശുഭ്രനീലിമ പടരുന്നുണ്ടായിരുന്നു .
വെയിലും മഞ്ഞും കലര്‍ന്ന നിറഭേദങ്ങളുടെ കുന്നിന്‍ മുകളിലിരുന്ന് മൈഥിലിയ്ക്കൊപ്പം ലളിതയും തിരോധാനത്തിന്റെ കുന്നിറങ്ങിപ്പോഴവനെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു
"തിരിച്ചു പോകാന്‍ വേണ്ടിയെങ്കിലും അവന് വരാമായിരുന്നു .. അല്ലേ ലളിതേ .."
"അമീബയുടെ ഈ ഏകാന്തതയ്ക്ക് എപ്പോഴാണ് ഇനി ശമനമുണ്ടാവുക

മൈഥിലി പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു .
ലളിത ബോധപൂര്‍വ്വം താഴ്വാരത്തിന്റെ സാന്ത്രതായിലേയ്ക്ക് കണ്ണുകളുടക്കിയിരുന്നു .
- ആരുടെയൊക്കെ ഓര്‍മ്മ കള്‍ തിന്നുവേണം ഈശ്വരാ .. ഒരു ജീവിതം ജീവിച്ചു തീര്‍ക്കാന്‍ ... ലളിതയ്ക്ക് തൊണ്ടയിലെവിടെയോ വിങ്ങല്‍ അനുഭവപ്പെട്ടിരിക്കണം
.ലളിത പറഞ്ഞു " വാ നമുക്ക് തിരിച്ചു പോവാം ..."
സങ്കടങ്ങളുടെ കുന്ന് കയറിയിറങ്ങവേ മൈഥിലിയുടെ പ്രസരിപ്പത്രയും മാഞ്ഞുപോയിരുന്നു .
-അമീബയുടെ ഘടനയില്‍ ഇതും സാരമായ പങ്ക് വഹിച്ചിരിക്കണം . അല്ലേ മൈഥിലി ...
ചാര നിറമാര്‍ന്ന കമ്പിളിയ്ക്കുള്ളില്‍ മൈഥിലി ഒരു കുരുവിയെപ്പോലെ വിറച്ചു .

ഇപ്പോള്‍ ആമ്ഫിബിയയ്ക്കും അമീബയ്ക്കുമിടയിലുള്ള താഴ്വാരങ്ങളില്‍ തിരോധാനത്തിന്റെ മഞ്ഞുപാളികള്‍ നീങ്ങുന്നതും കാത്ത് ,
ലളിതയുടെ ചുമലില്‍താങ്ങി മൈഥിലി പിന്നെയും വര്‍ത്തമാനങ്ങളില്‍ നിന്നും തെന്നിപ്പോകുകയായിരുന്നു......!!!

കഥ - അസൈനാര്‍

(1996)

Click here for Malayalam Fonts

Friday, July 25, 2008

വെയില്‍ സാന്ചാരങ്ങള്‍


വര- ഓപു


വിട്ടുടമസ്ഥ്വന്റെ അത്ര സുഖകരമല്ലാത്ത പറച്ചലുകളില്‍ നിന്നാണ് അവരിരുവരും ഇപ്പോള്‍ മാസങ്ങളും തിയ്യതികളും കുറിച്ച് എടുക്കുന്നത് .നേരം തെറ്റിയ ചില ഇടവേളകളില്‍ വടകക്കാരന്റെ മീശ കനം വെയ്ക്കുന്നതും
നിഴല്‍ പെരുകിപ്പെരുകി നിദ്രയിലേയ്ക്ക് ഇറങ്ങിവരുന്നതും ,പലവുരു മരണപ്പെട്ട രണ്ടു ശരീരങ്ങളാണ് തങ്ങളിരുവരുമെന്ന് പരസ്പരം അറിയാഞ്ഞിട്ടല്ല .

-എങ്കിലും ചാവ് വീടിന്റെ അന്തരീക്ഷമാണീ മുറിയിപ്പോള്‍
-എന്തെങ്കിലും ചില നല്ല വര്‍ത്തമാനങ്ങള്‍ അയാള്‍ പറയുമെന്ന് ,അവളും വെറുതെ ആശിച്ചു പോകാറുണ്ട് ...
പരസ്പരമൊരു ചിരി പങ്കു വെച്ചിട്ട് കാലം കുറേ ആയെന്നു അയാളും അങ്ങനെ ചിന്തിച്ചു പോകുന്നു ..
-എന്നിട്ടും , ചില നിശ്വാസങ്ങള്‍ പരസ്പ്പരം കോര്‍ത്തെടുത്ത്‌ അവരങ്ങിനെയിരുന്നു..

വെളിച്ചം ഇരുളുന്നതും മുറി തങ്ങളില്‍ നിറയുന്നതും ഒട്ടോരമ്പരപ്പോടെ അവരറിഞ്ഞു.. പൊടുന്നനെ , ഈ മൌനത്തിനു ചിറകു മുളയ്ക്കുമെന്നും , അവര്‍ക്ക് ഒരാകാശം കിട്ടുമെന്നും അവള്‍ക്ക് തോന്നി .
-പക്ഷെ ,മനസ്സു ശൂന്യമാണ്
-ശൂന്യ മാണെന്ന ബോധത്തെ തിരിച്ചറിയുകയാണ് വേണ്ടത് , അപ്പോള്‍ പിന്നെ ദൌത്യവുമുണ്ടല്ലോ
മുമ്പാണെങ്കില്‍ സമൃദ്ധമായ തന്റേടത്തോടെ അവള്‍ പറയുമായിരുന്നു .

കൈകള്‍ പിന്നോട്ടാഞ്ഞു , മുടിയുടെ കെട്ടഴിച്ചിട്ട് അവള്‍ അയാളില്‍ പിണങ്ങി .
ജനലഴികളിലൂടെ കിതച്ചെത്തുന്ന കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തിന് കാതോര്‍ത്ത് ...

-ഓരോ വരവിലും വാടകക്കാരന്‍ ഇട്ടേച്ചു പോകുന്ന കോപത്തിന്റെ ജ്വാലയില്‍ പരസ്പരം പിണങ്ങി മുഖം വെട്ടിച്ച് അവരങ്ങിനെ നില്ക്കും .......

എല്ലാം നേരെയകുമെന്ന ശുഭാപ്തി വിശ്വാസത്തിന്റെ ചില ഇടവേളകളില്‍ അപ്രതീക്ഷിതമായി വരുന്ന സൌഹൃദത്തിന്റെ കൈത്തലം കോര്‍ത്തെടുത്തു കൊണ്ടു അവര്‍ തെരുവ് മുറിച്ചു കടക്കും ..വഴിയോരക്കാഴ്ചകളില്‍ എന്തിയും വലിഞ്ഞും അങ്ങനെ പരസ്പ്പരം ചേര്ന്നു നടക്കവേ ,പരിഭവങ്ങളുടെയും പരധീനതകളുടെയും ഇടയ്ക്ക് ചില ചില്ലറ ആശ്വാസങ്ങളില്‍ അവര്‍ ഘനമില്ലാത്ത ചെറു മൂളലുകളില്‍ ഇറങ്ങി നില്ക്കും ..

ഒരു കുസൃതി ചിരിയാല്‍ എല്ലാം മറന്നൊന്നുറങ്ങിയെയുനെല്‍ക്കുന്ന ചില പ്രഭാതങ്ങളില്‍ മുടിത്ത്മ്പുകള്‍ കൈവിരലുകളിലെടുത്തു ചികയുന്ന ആ ഭാവം അയാളും വായിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
പക്ഷെ .....
പറ്റുകാര്‍ പകുത്തെടുക്കുന്ന ജീവിതത്തിന്റെ , മിച്ചം വരുന്ന മാലിന്യത്തെ സ്വപ്നം കൊണ്ട് കഴുകിക്കളയുന്ന ചില പാതിരാവുകളില്‍ , അവര്‍ കണ്ണുകള്‍ കോര്‍ത്ത്‌ കെട്ടി ദേശാടനത്തിനിറങ്ങും .ചിലപ്പോള്‍ ചില വൈകിയ രാത്രികളില്‍ പരസ്പരം പുലഭ്യം പറഞ്ഞവരിരുവരും തളര്‍ന്നു ചുരുണ്ടു കിടയ്ക്കും ...പരസ്പരം തലയണയായ് .....

വയറില്‍ കാളലനുഭവപ്പെടുന്ന നേരങ്ങളില്‍ ജലാംശം വറ്റിയ തൊണ്ടയുമായ്‌ കിണറ്റിന്‍ കരയില്‍ ചെന്നിരുന്നു ,
അവള്‍ തോട്ടി താഴ്ത്തി ...പരസ്പരം വെള്ളം തെറിപ്പിച്ച്‌..അങ്ങനെയങ്ങിനെ ........

ഈയിടെയായ് രണ്ടു പേരുടേയും നീക്കങ്ങള്‍ വളരെ ദുര്‍ബ്ബലമാവുന്നു എന്ന് പരസ്പ്പരം അറിയാമെന്നിരിക്കിലും പരിചിത മുഖങ്ങള്‍ക്കിടയില്‍ തങ്ങളുടെ മുഖങ്ങള്‍ തേച്ചുമിനുക്കാന്‍ പെടുന്ന ബദ്ധപ്പാടുകള്‍ അപചസ്യമാവുകയും ചെയ്യുന്നുണ്ട് ..

എന്നിട്ടും ഏതോ ഒരു വൈകുന്നേരത്തിന്റെ ആഹ്ലാദങ്ങളില്‍ പങ്കു കൊള്ളാന്‍ വേണ്ടിയെന്നപോലെ നനഞ്ഞ പൂഴിയില്‍ വിരലുകള്‍ പതിച്ചു ഇരിക്കവേ ,താന്‍ ഇങ്ങനെ ഭൂതകാലത്തില്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച്‌ ഒട്ടൊരു പരിഭവത്തോടെ അവള്‍ പറയുന്നുണ്ടായിരുന്നു ..

'ഓര്‍മ്മകള്‍ ഒരു ചിലന്തി വലപോലെയാണ് നെയ്യാന്‍ രസമുന്റെങ്കിലും നെയ്തു കഴിഞ്ഞാല്‍ പിന്നെ പുറത്തേയ്ക്ക് കടക്കുക ... അവ ശൂന്യതയുടെ ആഴം കൂട്ടുകയെയുള്ളൂ ..'

അവസാനത്തെ യാത്രക്കാരനും പിരിഞ്ഞു പോകുന്ന കടല്‍ക്കരയില്‍ അസ്തമയത്തിനുമൊടുവില്‍ ,അയാളുടെ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു അപ്പോള്‍ അവള്‍.

'ഇത്തരം ചൂഴ്നിലങ്ങളില്ലാതെ നിനയ്ക്ക് ജീവിയ്ക്കാന്‍ പറ്റില്ലേ ?

ചിലപ്പോള്‍ , അല്ല പലപ്പോഴും അവളിങ്ങനെയാണ് . ഒരുപാട് ജീവിതം ജീവിച്ചതുപോലെയാണ് അവളുടെ ചില പെരുമാറ്റങ്ങള്‍
ഏത് വലിയ കാര്യവും വളരെ ലാഘവത്തോടെ അവള്‍ തള്ളിക്കളയും

'ഈ വേവലാതിയും വിശ്വാസക്കുറവും നീ മാറ്റിവെയ്ക്കുക എല്ലാം നേരെയാവുന്നതും നേരെയാക്കാവുന്നതുമാണ്
ആഴമുള്ള ഓര്‍മ്മകളെ ചിലപ്പോള്‍ കീഴ്പ്പെടുത്തെണ്ടതായും വരും '.

പക്ഷെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും , ഒടുവില്‍ എത്തിച്ചേരേണ്ടതുള്ള ഒരു മുഹൂര്‍ത്തത്തില്‍ , പരവശയായത് അവളായിരുന്നെല്ലോ

കണ്ണാടിയില്‍ മുഖമെറിഞ്ഞു തെല്ലിട മാറി നിന്ന് ,പരിഭവത്തിന്റെ കെട്ടഴിക്കുന്ന അവളില്‍ കുട്ടപ്പെടുത്താനാവാതെ എത്ര നേരമിരുന്നെന്ന് അയാള്‍ക്കും അറിയില്ല....

എങ്കിലും മാനസാന്തരത്തിന്റെ അവസാന പകുതിയില്‍ തൂവല്‍ കൊഴിഞ്ഞ ഒരു കാക്ക കുഞ്ഞിനെ കൈകളില്‍ എടുക്കാന്‍ ശ്രമിച്ച്
പരാജയപ്പെട്ട് നിക്കവേ , അയാള്‍ പിന്നെയും നിശബ്ദനവുന്നതില്‍ സഹി കെട്ട് അവള്‍ ഉച്ചത്തിലൊരു വന്യ ശബ്ദം പുറപെടുവിക്കയും കാക്കകുഞ്ഞു തത്രപ്പെട്ടു പറക്കാന്‍ തുനിയുകയും , പിന്നെയും നിക്കാനാവാതെ വീണു ഉരുണ്ടും ഒടുവിലെതോ ശക്തിയാല്‍ പറന്ന് അകലുന്നതുവരെ , അവള്‍ കോപ മടക്കി കൊണ്ട് അയാളില്‍ ഖേദ ത്തിന്റെ ഒരു കാറ്റൂതി പിന്‍തിരിയവേ ,അയാള്‍ വീണ്ടും ഓര്‍മകളില്‍ നഷ്ടപ്പെട്ടു പോയിരുന്നു

എന്നിട്ടും അവര്‍ക്കിടയിലും ചില ചില വിമ്മിട്ടങ്ങളില്‍ കുടുങ്ങി , പിന്നിട്ട ജീവിതത്തിന്റെ നിറഭേദങ്ങള്‍ വായിച്ചെടുത്ത് വിശകലനം ചെയ്യാന്‍ തീരുമാനിച്ച ഒരു ഉച്ചയുറക്കത്തിനു ശേഷം പതിവിലും ഉത്സാഹഭരിതയായ അവളിലെ നീക്കങ്ങള്‍ കണ്ടിട്ടും .......

അയാളുടെ യാതൊരു ഭാവ വുമി ല്ലാത്ത മുഖം അവളും വായിച്ചെടുക്കുകയായിരുന്നു ...മരയഴികളില്‍ വിരലുകള്‍ ചേര്‍ത്ത് പുറത്ത് വെയില്‍ തിള യ്ക്കുന്നത്‌ നോക്കി നില്‍ക്കുകയായിരുന്നു അപ്പോള്‍ അയാള്‍...

നേര്‍ത്ത രോമങ്ങള്‍ എഴുന്നു നില്ക്കുന്ന വയറിലെ കോറലുകളുടെ കുസൃതിയില്‍ പിന്നെയും ചെവി പാര്‍ത്ത് അയാള്‍ക്ക് എതിര്‍ ദിശയില്‍ അവളും ഇരുന്നു ..

പുറത്ത് വെയില്‍ കാടുകളിലേയ്ക്ക്‌ ഒരു കുഞ്ഞിന്റെ കൈ പിടിച്ച് നടന്നു നീങ്ങുന്ന ഒരു ദൃശ്യ മായിരുന്നു അപ്പോള്‍ അവളുടെ മനസ്സില്‍ .പൊടുന്നനെ , മനക്ക ണ്ണി ലൊരു നേര്‍ത്ത ചിരി വിടരുകയും പതിയെ പതിയെ ഇരുളുകയും ചെയ്യവേ ഒട്ടൊരു വേദനയോടെ അയാളുടെ കൈത്തലം ചേര്‍ത്ത് പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു :
നമുക്കെന്തന്കിലും കഴിക്കാം , പുറത്തിറങ്ങി ....
തെല്ലൊരു ഉത്സാഹത്തോടെ അയാളും അവള്‍ക്കൊപ്പം ചേര്ന്നു നടന്നു ..

ഇപ്പോള്‍
വെയില്‍ പതിറ്റടികളും കുഞ്ഞിന്റെ നേര്‍ത്ത ചിരിയും വിട്ട് അവരിരുവരും സങ്കടപ്പാടുകളുടെ കുന്നിറങ്ങിപ്പോകുന്ന ഒരു ആസന്ന രാത്രിയോട്‌ അടുക്കുകയായിരുന്നു .
വിശപ്പിന്റെ കാളല്‍ ചെന്നിനായകം പോലെ ചവര്‍ക്കുന്ന വയറ്റില്‍ കൈ അമര്‍ത്തിഅയാളുടെ നോട്ടത്തിന്റെ പെരും മഴയില്‍ നനഞ്ഞ് ....
അങ്ങനെയങ്ങനെ ........
അവളും അയാള്‍ക്കൊപ്പം ചേര്ന്നു നടന്നു......!!!

(1997)

സൈനാര്‍