Friday, July 25, 2008

വെയില്‍ സാന്ചാരങ്ങള്‍


വര- ഓപു


വിട്ടുടമസ്ഥ്വന്റെ അത്ര സുഖകരമല്ലാത്ത പറച്ചലുകളില്‍ നിന്നാണ് അവരിരുവരും ഇപ്പോള്‍ മാസങ്ങളും തിയ്യതികളും കുറിച്ച് എടുക്കുന്നത് .നേരം തെറ്റിയ ചില ഇടവേളകളില്‍ വടകക്കാരന്റെ മീശ കനം വെയ്ക്കുന്നതും
നിഴല്‍ പെരുകിപ്പെരുകി നിദ്രയിലേയ്ക്ക് ഇറങ്ങിവരുന്നതും ,പലവുരു മരണപ്പെട്ട രണ്ടു ശരീരങ്ങളാണ് തങ്ങളിരുവരുമെന്ന് പരസ്പരം അറിയാഞ്ഞിട്ടല്ല .

-എങ്കിലും ചാവ് വീടിന്റെ അന്തരീക്ഷമാണീ മുറിയിപ്പോള്‍
-എന്തെങ്കിലും ചില നല്ല വര്‍ത്തമാനങ്ങള്‍ അയാള്‍ പറയുമെന്ന് ,അവളും വെറുതെ ആശിച്ചു പോകാറുണ്ട് ...
പരസ്പരമൊരു ചിരി പങ്കു വെച്ചിട്ട് കാലം കുറേ ആയെന്നു അയാളും അങ്ങനെ ചിന്തിച്ചു പോകുന്നു ..
-എന്നിട്ടും , ചില നിശ്വാസങ്ങള്‍ പരസ്പ്പരം കോര്‍ത്തെടുത്ത്‌ അവരങ്ങിനെയിരുന്നു..

വെളിച്ചം ഇരുളുന്നതും മുറി തങ്ങളില്‍ നിറയുന്നതും ഒട്ടോരമ്പരപ്പോടെ അവരറിഞ്ഞു.. പൊടുന്നനെ , ഈ മൌനത്തിനു ചിറകു മുളയ്ക്കുമെന്നും , അവര്‍ക്ക് ഒരാകാശം കിട്ടുമെന്നും അവള്‍ക്ക് തോന്നി .
-പക്ഷെ ,മനസ്സു ശൂന്യമാണ്
-ശൂന്യ മാണെന്ന ബോധത്തെ തിരിച്ചറിയുകയാണ് വേണ്ടത് , അപ്പോള്‍ പിന്നെ ദൌത്യവുമുണ്ടല്ലോ
മുമ്പാണെങ്കില്‍ സമൃദ്ധമായ തന്റേടത്തോടെ അവള്‍ പറയുമായിരുന്നു .

കൈകള്‍ പിന്നോട്ടാഞ്ഞു , മുടിയുടെ കെട്ടഴിച്ചിട്ട് അവള്‍ അയാളില്‍ പിണങ്ങി .
ജനലഴികളിലൂടെ കിതച്ചെത്തുന്ന കുഞ്ഞുങ്ങളുടെ നേര്‍ത്ത ശബ്ദത്തിന് കാതോര്‍ത്ത് ...

-ഓരോ വരവിലും വാടകക്കാരന്‍ ഇട്ടേച്ചു പോകുന്ന കോപത്തിന്റെ ജ്വാലയില്‍ പരസ്പരം പിണങ്ങി മുഖം വെട്ടിച്ച് അവരങ്ങിനെ നില്ക്കും .......

എല്ലാം നേരെയകുമെന്ന ശുഭാപ്തി വിശ്വാസത്തിന്റെ ചില ഇടവേളകളില്‍ അപ്രതീക്ഷിതമായി വരുന്ന സൌഹൃദത്തിന്റെ കൈത്തലം കോര്‍ത്തെടുത്തു കൊണ്ടു അവര്‍ തെരുവ് മുറിച്ചു കടക്കും ..വഴിയോരക്കാഴ്ചകളില്‍ എന്തിയും വലിഞ്ഞും അങ്ങനെ പരസ്പ്പരം ചേര്ന്നു നടക്കവേ ,പരിഭവങ്ങളുടെയും പരധീനതകളുടെയും ഇടയ്ക്ക് ചില ചില്ലറ ആശ്വാസങ്ങളില്‍ അവര്‍ ഘനമില്ലാത്ത ചെറു മൂളലുകളില്‍ ഇറങ്ങി നില്ക്കും ..

ഒരു കുസൃതി ചിരിയാല്‍ എല്ലാം മറന്നൊന്നുറങ്ങിയെയുനെല്‍ക്കുന്ന ചില പ്രഭാതങ്ങളില്‍ മുടിത്ത്മ്പുകള്‍ കൈവിരലുകളിലെടുത്തു ചികയുന്ന ആ ഭാവം അയാളും വായിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്
പക്ഷെ .....
പറ്റുകാര്‍ പകുത്തെടുക്കുന്ന ജീവിതത്തിന്റെ , മിച്ചം വരുന്ന മാലിന്യത്തെ സ്വപ്നം കൊണ്ട് കഴുകിക്കളയുന്ന ചില പാതിരാവുകളില്‍ , അവര്‍ കണ്ണുകള്‍ കോര്‍ത്ത്‌ കെട്ടി ദേശാടനത്തിനിറങ്ങും .ചിലപ്പോള്‍ ചില വൈകിയ രാത്രികളില്‍ പരസ്പരം പുലഭ്യം പറഞ്ഞവരിരുവരും തളര്‍ന്നു ചുരുണ്ടു കിടയ്ക്കും ...പരസ്പരം തലയണയായ് .....

വയറില്‍ കാളലനുഭവപ്പെടുന്ന നേരങ്ങളില്‍ ജലാംശം വറ്റിയ തൊണ്ടയുമായ്‌ കിണറ്റിന്‍ കരയില്‍ ചെന്നിരുന്നു ,
അവള്‍ തോട്ടി താഴ്ത്തി ...പരസ്പരം വെള്ളം തെറിപ്പിച്ച്‌..അങ്ങനെയങ്ങിനെ ........

ഈയിടെയായ് രണ്ടു പേരുടേയും നീക്കങ്ങള്‍ വളരെ ദുര്‍ബ്ബലമാവുന്നു എന്ന് പരസ്പ്പരം അറിയാമെന്നിരിക്കിലും പരിചിത മുഖങ്ങള്‍ക്കിടയില്‍ തങ്ങളുടെ മുഖങ്ങള്‍ തേച്ചുമിനുക്കാന്‍ പെടുന്ന ബദ്ധപ്പാടുകള്‍ അപചസ്യമാവുകയും ചെയ്യുന്നുണ്ട് ..

എന്നിട്ടും ഏതോ ഒരു വൈകുന്നേരത്തിന്റെ ആഹ്ലാദങ്ങളില്‍ പങ്കു കൊള്ളാന്‍ വേണ്ടിയെന്നപോലെ നനഞ്ഞ പൂഴിയില്‍ വിരലുകള്‍ പതിച്ചു ഇരിക്കവേ ,താന്‍ ഇങ്ങനെ ഭൂതകാലത്തില്‍ നഷ്ടപ്പെടുന്നതിനെ കുറിച്ച്‌ ഒട്ടൊരു പരിഭവത്തോടെ അവള്‍ പറയുന്നുണ്ടായിരുന്നു ..

'ഓര്‍മ്മകള്‍ ഒരു ചിലന്തി വലപോലെയാണ് നെയ്യാന്‍ രസമുന്റെങ്കിലും നെയ്തു കഴിഞ്ഞാല്‍ പിന്നെ പുറത്തേയ്ക്ക് കടക്കുക ... അവ ശൂന്യതയുടെ ആഴം കൂട്ടുകയെയുള്ളൂ ..'

അവസാനത്തെ യാത്രക്കാരനും പിരിഞ്ഞു പോകുന്ന കടല്‍ക്കരയില്‍ അസ്തമയത്തിനുമൊടുവില്‍ ,അയാളുടെ മടിയില്‍ തല വെച്ചു കിടക്കുകയായിരുന്നു അപ്പോള്‍ അവള്‍.

'ഇത്തരം ചൂഴ്നിലങ്ങളില്ലാതെ നിനയ്ക്ക് ജീവിയ്ക്കാന്‍ പറ്റില്ലേ ?

ചിലപ്പോള്‍ , അല്ല പലപ്പോഴും അവളിങ്ങനെയാണ് . ഒരുപാട് ജീവിതം ജീവിച്ചതുപോലെയാണ് അവളുടെ ചില പെരുമാറ്റങ്ങള്‍
ഏത് വലിയ കാര്യവും വളരെ ലാഘവത്തോടെ അവള്‍ തള്ളിക്കളയും

'ഈ വേവലാതിയും വിശ്വാസക്കുറവും നീ മാറ്റിവെയ്ക്കുക എല്ലാം നേരെയാവുന്നതും നേരെയാക്കാവുന്നതുമാണ്
ആഴമുള്ള ഓര്‍മ്മകളെ ചിലപ്പോള്‍ കീഴ്പ്പെടുത്തെണ്ടതായും വരും '.

പക്ഷെ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും , ഒടുവില്‍ എത്തിച്ചേരേണ്ടതുള്ള ഒരു മുഹൂര്‍ത്തത്തില്‍ , പരവശയായത് അവളായിരുന്നെല്ലോ

കണ്ണാടിയില്‍ മുഖമെറിഞ്ഞു തെല്ലിട മാറി നിന്ന് ,പരിഭവത്തിന്റെ കെട്ടഴിക്കുന്ന അവളില്‍ കുട്ടപ്പെടുത്താനാവാതെ എത്ര നേരമിരുന്നെന്ന് അയാള്‍ക്കും അറിയില്ല....

എങ്കിലും മാനസാന്തരത്തിന്റെ അവസാന പകുതിയില്‍ തൂവല്‍ കൊഴിഞ്ഞ ഒരു കാക്ക കുഞ്ഞിനെ കൈകളില്‍ എടുക്കാന്‍ ശ്രമിച്ച്
പരാജയപ്പെട്ട് നിക്കവേ , അയാള്‍ പിന്നെയും നിശബ്ദനവുന്നതില്‍ സഹി കെട്ട് അവള്‍ ഉച്ചത്തിലൊരു വന്യ ശബ്ദം പുറപെടുവിക്കയും കാക്കകുഞ്ഞു തത്രപ്പെട്ടു പറക്കാന്‍ തുനിയുകയും , പിന്നെയും നിക്കാനാവാതെ വീണു ഉരുണ്ടും ഒടുവിലെതോ ശക്തിയാല്‍ പറന്ന് അകലുന്നതുവരെ , അവള്‍ കോപ മടക്കി കൊണ്ട് അയാളില്‍ ഖേദ ത്തിന്റെ ഒരു കാറ്റൂതി പിന്‍തിരിയവേ ,അയാള്‍ വീണ്ടും ഓര്‍മകളില്‍ നഷ്ടപ്പെട്ടു പോയിരുന്നു

എന്നിട്ടും അവര്‍ക്കിടയിലും ചില ചില വിമ്മിട്ടങ്ങളില്‍ കുടുങ്ങി , പിന്നിട്ട ജീവിതത്തിന്റെ നിറഭേദങ്ങള്‍ വായിച്ചെടുത്ത് വിശകലനം ചെയ്യാന്‍ തീരുമാനിച്ച ഒരു ഉച്ചയുറക്കത്തിനു ശേഷം പതിവിലും ഉത്സാഹഭരിതയായ അവളിലെ നീക്കങ്ങള്‍ കണ്ടിട്ടും .......

അയാളുടെ യാതൊരു ഭാവ വുമി ല്ലാത്ത മുഖം അവളും വായിച്ചെടുക്കുകയായിരുന്നു ...മരയഴികളില്‍ വിരലുകള്‍ ചേര്‍ത്ത് പുറത്ത് വെയില്‍ തിള യ്ക്കുന്നത്‌ നോക്കി നില്‍ക്കുകയായിരുന്നു അപ്പോള്‍ അയാള്‍...

നേര്‍ത്ത രോമങ്ങള്‍ എഴുന്നു നില്ക്കുന്ന വയറിലെ കോറലുകളുടെ കുസൃതിയില്‍ പിന്നെയും ചെവി പാര്‍ത്ത് അയാള്‍ക്ക് എതിര്‍ ദിശയില്‍ അവളും ഇരുന്നു ..

പുറത്ത് വെയില്‍ കാടുകളിലേയ്ക്ക്‌ ഒരു കുഞ്ഞിന്റെ കൈ പിടിച്ച് നടന്നു നീങ്ങുന്ന ഒരു ദൃശ്യ മായിരുന്നു അപ്പോള്‍ അവളുടെ മനസ്സില്‍ .പൊടുന്നനെ , മനക്ക ണ്ണി ലൊരു നേര്‍ത്ത ചിരി വിടരുകയും പതിയെ പതിയെ ഇരുളുകയും ചെയ്യവേ ഒട്ടൊരു വേദനയോടെ അയാളുടെ കൈത്തലം ചേര്‍ത്ത് പിടിച്ചു കൊണ്ട് അവള്‍ പറഞ്ഞു :
നമുക്കെന്തന്കിലും കഴിക്കാം , പുറത്തിറങ്ങി ....
തെല്ലൊരു ഉത്സാഹത്തോടെ അയാളും അവള്‍ക്കൊപ്പം ചേര്ന്നു നടന്നു ..

ഇപ്പോള്‍
വെയില്‍ പതിറ്റടികളും കുഞ്ഞിന്റെ നേര്‍ത്ത ചിരിയും വിട്ട് അവരിരുവരും സങ്കടപ്പാടുകളുടെ കുന്നിറങ്ങിപ്പോകുന്ന ഒരു ആസന്ന രാത്രിയോട്‌ അടുക്കുകയായിരുന്നു .
വിശപ്പിന്റെ കാളല്‍ ചെന്നിനായകം പോലെ ചവര്‍ക്കുന്ന വയറ്റില്‍ കൈ അമര്‍ത്തിഅയാളുടെ നോട്ടത്തിന്റെ പെരും മഴയില്‍ നനഞ്ഞ് ....
അങ്ങനെയങ്ങനെ ........
അവളും അയാള്‍ക്കൊപ്പം ചേര്ന്നു നടന്നു......!!!

(1997)

സൈനാര്‍

No comments: